ന്യൂയോർക്ക്: അടിയന്തര സഹായമെത്തിയില്ലെങ്കിൽ ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിച്ചുവീഴുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. ഗാസ പൂർണ്ണമായും ഉപരോധിച്ച 11 ആഴ്ചകൾക്ക് ശേഷം ഇസ്രായേൽ അധികൃതർ പരിമിതമായ സഹായം മാത്രമേ പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ.
കഴിഞ്ഞ ദിവസം സഹായവുമായി അഞ്ച് ട്രക്കുകള്‍ ഗാസയിലെത്തിയെന്നും എന്നാല്‍ ഇത് സമുദ്രത്തിലെ തുള്ളിയെന്ന പോലെ അപര്യാപ്തമാണെന്നും ഐക്യരാഷ്ട്ര സഭ ഹുമാനിറ്റേറിയന്‍ തലവന്‍ ടോം ഫ്‌ളെച്ചര്‍ പറഞ്ഞു. ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായില്ലെങ്കിൽ വരുന്ന 48 മണിക്കൂറിനുള്ളിൽ ഗാസ കുട്ടികളുടെ കൂട്ടക്കുരുതിക്ക് സാക്ഷിയാവും. ഗാസയിലെ കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് അഭിമുഖീകരിക്കുകയാണ്.
സഹായം ആവശ്യമുള്ള ജനങ്ങളിലേക്ക് ഇനിയും അത് എത്തിച്ചേരേണ്ടതുണ്ട്. ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം കാരണം കഴിഞ്ഞ 11 ആഴ്ചയായി ഗസ്സയിൽ മാനുഷിക പ്രതിസന്ധി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഗാസയിലെ അമ്മമാരുടെ പക്കൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബേബി ഫുഡ് എത്തിക്കാൻ പരമാവധി പരിശ്രമിക്കുന്നതായും ഫ്ളെച്ചർ പറഞ്ഞു.