ആറാം വയസില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായി, ഡോ. അസ്‌ന വിവാഹിതയായി

കൃത്രിമ കാലുമായി നിശ്ചയദാര്‍ഢ്യത്തോടെ അസ്‌ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി

Jul 5, 2025 - 18:47
Jul 5, 2025 - 18:47
 0  15
ആറാം വയസില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായി, ഡോ. അസ്‌ന വിവാഹിതയായി

കണ്ണൂര്‍: കണ്ണൂരിലെ ബോംബേറില്‍ ആറാം വയസില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. ചെറുവാഞ്ചേരി പൂവത്തൂര്‍ സ്വദേശിയാണ് അസ്ന. 

2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തില്‍ അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.

ബോംബേറില്‍ അസ്‌നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു താഴെ വെച്ച് കാല്‍ മുറിച്ചുമാറ്റി. മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞു. കൃത്രിമ കാലുമായി നിശ്ചയദാര്‍ഢ്യത്തോടെ അസ്‌ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടി. 

അന്ന് നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാകാതിരുന്ന അസ്‌നക്കായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 38 ലക്ഷം രൂപ ചെലവില്‍ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ചു. ഒടുവില്‍ 2020 ഫെബ്രുവരി 6ന് അസ്‌ന സ്വന്തം നാടിന്റെ ഡോക്ടറായി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്‌ന. 

What's Your Reaction?

like

dislike

love

funny

angry

sad

wow