കാക്കനാട് കൂട്ട ആത്മഹത്യ? അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍; കസ്റ്റംസ് ഓഫിസറും സഹോദരിയും തൂങ്ങിയ നിലയില്‍

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഓഫീസറെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ തുടങ്ങിയവരെ മരിച്ച നിലയിൽ കണ്ടെത്തിയതാണ്. ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീട്ടില്‍ മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും സഹോദരിയുടേത് വീടിന്‍റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലായിരുന്നു. മാതാവ് ശകുന്തള അഗർവാളിന്‍റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പുകൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വർഷിച്ച രീതിയിലായിരുന്നു.
4–5 ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പോലീസ് പറയുന്നത്. മനീഷിന്റെ മുറിയിൽനിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പോലീസ് തയാറാക്കിയ എഫ്ഐആറിൽ പറയുന്നത്. മാതാവ് മരിച്ചതിന്റെ ആഘാതത്തിൽ അവിവാഹിതരായ സഹോദരങ്ങൾ ആത്മഹത്യ ചെയ്തതാണോ? ഇവരെ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പോലീസിന്‍റെ സംശയത്തിലുള്ളത്. മാതാവ് കോളജ് അധ്യാപികയും ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിൽനിന്ന് ഉയർന്ന റാങ്കിൽ വിജയിച്ച ആളുമാണെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മനീഷ് ഏറെക്കാലമായി കൊച്ചിയിലും കോഴിക്കോടും കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ആളാണ്. ഒന്നര വർഷം മുന്‍ണ് കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തിയത്. നാലു മാസം മുന്‍പാണ് അമ്മയും സഹോദരിയും എത്തിയത്. ഒരാഴ്ചയായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യത്തിന് നാട്ടിലേക്ക് പോകുന്നെന്നായിരുന്നു മനീഷ് പറഞ്ഞത്. പിന്നീട് 10 ദിവസത്തിനൊടുവിലാണ് മൂന്നു പേരുടേയും മൃതദേഹം കണ്ടെടുക്കുന്നത്. ഒരാഴ്ചത്തെ അവധിക്ക് പോയെന്ന് പറഞ്ഞ മനീഷ് തിരിച്ചു വരാതിരിക്കുകയും മൊബൈലിൽ ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു വന്നപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കാണുന്നത്. ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് കരുതുന്നത്. ഇവരെ വിവരം അറിയിക്കണമെന്ന് മനീഷിന്റെ ഡയറിയിൽ പറഞ്ഞിട്ടുണ്ട്.
What's Your Reaction?






