പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 9 ന് നടക്കുന്ന ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആചാര അനുഷ്ഠാനങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്. വകുപ്പുകൾ സുരക്ഷിതത്വം ഉറപ്പാക്കും. ദുരന്തനിവാരണ വിഭാഗത്തിനാണ് ഏകോപന ചുമതല.
600 ൽ അധികം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമസമാധാനം ഉറപ്പാക്കും. പോലീസ് പെട്രോളിങ് ശക്തമാക്കും. അഗ്നി സുരക്ഷാ വകുപ്പ് ഫയർ യൂണിറ്റ് സജ്ജമാക്കും.
ജലമേളയുടെ ആദ്യ അവസാന പോയിന്റുകളിൽ സ്കൂബ സംഘത്തെ നിയോഗിക്കും. ലഹരി വിൽപ്പന, ഉപയോഗം തടയാൻ കർശന നടപടി ഉണ്ടാകും. ആംബുലൻസ് സേവനത്തോടൊപ്പം ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം സ്ഥലത്തുണ്ടാകും. അടിയന്തരഘട്ട ചികിത്സയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അധിക ഐസിയു കിടക്കകൾ ഉൾപ്പെടെ ക്രമീകരിക്കും. പത്തനംതിട്ട ജില്ലാ ആശുപത്രി കാത്ത് ലാബ് പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കും.
പൊതുമരാമത്ത് കെട്ടിട വിഭാഗം സത്രത്തിന്റെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാകും. ചെങ്ങന്നൂർ മുതൽ പത്തനംതിട്ട വരെ കെഎസ്ആർടിസി അധിക സർവീസ് ക്രമീകരിക്കും. പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും സംഘാടനം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യനിർമാർജനം ഉറപ്പാക്കും . ബയോടോയ്‌ലറ്റ് സ്ഥാപിക്കും. കടവുകളിലെ കാട് വെട്ടിതെളിച്ച് വൃത്തിയാക്കും. സെപ്റ്റംബർ 14 ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടിനും ക്രമീകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ജലമേളയോട് അനുബന്ധിച്ച് ശുദ്ധജലം ഉറപ്പാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തിരുവല്ല ലാബിൽ ഗുണമേന്മ പരിശോധന നടത്തും. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ഉറപ്പാക്കും. ആവശ്യമെങ്കിൽ അധിക ടാപ്പുകൾ ക്രമീകരിക്കും.
അടിയന്തരഘട്ടത്തിൽ കുടിവെള്ളം വാഹനത്തിൽ എത്തിക്കും. പമ്പാനദിയിൽ ജലനിരപ്പ് കൃത്യമായി ക്രമീകരിക്കും. ഇതിനായി ദുരന്തനിവാരണ, ജലസേചന വകുപ്പുകൾ, കെഎസ്ഇബി, പമ്പ ഇറിഗേഷൻ എന്നിവ യോജിച്ചു പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ പൊതുവായ ഏകോപനം ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ നിർവഹിക്കും.