കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ യുവാവിന് അടിയന്തിര വൈദ്യസഹായം എത്തിച്ച് ജീവൻ രക്ഷിച്ച 108 ആംബുലൻസ് ജീവനക്കാർക്ക് ആദരം
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ലിനേഷ് കെ.എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എബി എബ്രഹാം എന്നിവരെയാണ് ആദരിച്ചത്.
പാലക്കാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ ആദിവാസി യുവാവിന് അടിയന്തിര വൈദ്യസഹായം എത്തിച്ച് ജീവൻ രക്ഷിച്ച 108 ആംബുലൻസ് ജീവനക്കാർക്ക് ആദരം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ലിനേഷ് കെ.എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എബി എബ്രഹാം എന്നിവരെയാണ് ആദരിച്ചത്. ഹൈദരാബാദ് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കനിവ് 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ചെയർമാൻ പദ്മഭൂഷൺ ഡോ. ജി.വി.കെ റെഡ്ഢി ഇരുവർക്കും ക്യാഷ് അവാർഡ്, മൊമെന്റോ, മെഡലുകൾ എന്നിവ നൽകി ആദരിച്ചു. ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ഡയറക്ടർ കെ. കൃഷ്ണം രാജു ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മാസവും ദേശീയതലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന 108 ആംബുലൻസ് ജീവനക്കാരിൽ തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ഇത്തരത്തിൽ ആദരവ് നൽകി വരുന്നതായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അധികൃതർ അറിയിച്ചു.
2024 ഒക്ടോബർ 13നു ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് വട്ടലക്കി കള്ളക്കര തോടിനരികിലാണ് കേസിനാസ്പദമായ സംഭവം. വിറക്ക് ശേഖരിക്കാൻ പോയ കള്ളക്കര ഊരിൽ വെള്ളിങ്കിരിക്കാണ് (37) കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഇടതുകാലിനും തലയ്ക്കും സാരമായി പരിക്കേറ്റത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് ലിനേഷ് കെ.എം, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എബി എബ്രഹാം എന്നിവർ സ്ഥലത്തെത്തി യുവാവിന് വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
What's Your Reaction?






