ചിമ്മിനി ഡാം തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ചെറിയതോതില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്

തൃശൂര്‍: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാം തുറന്നു. റൂള്‍ കര്‍വ് നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ജലനിരപ്പ് എത്തിയതോടെയാണ് അധിക ജലം കുറുമാലിപ്പുഴയിലേക്ക് ഒഴുക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 12 ഘനമീറ്റര്‍ ജലമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. ഇതോടെ ചിമ്മിനി ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതോല്പാദനവും ആരംഭിച്ചു. ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ചെറിയതോതില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈദ്യതോല്‍പാദനത്തിനായി കെഎസ്ഇബി വാല്‍വിലൂടെ ഒരു സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ ജലവും റിവര്‍ സ്ലൂയിസിലൂടെ സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ ജലവുമാണ് തുറന്നുവിടുന്നത്. ഇന്ന്, ബുധനാഴ്ച ഉച്ചക്ക് രണ്ടര മുതലാണ് ഘട്ടം ഘട്ടമായി അധിക ജലം ഒഴുക്കി തുടങ്ങിയത്. ജനനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 76.40 മീറ്റര്‍ വരെ വെള്ളം സംഭരിക്കാവുന്ന ചിമ്മിനിയില്‍ ബുധനാഴ്ച വൈകിട്ട് 66.45 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്.
What's Your Reaction?






