ഗാസ നേരിടുന്നത് അതിഗുരുതരമായ പട്ടിണി സാഹചര്യമെന്ന് യു.എന്‍. ഏജന്‍സിയുടെ മുന്നറിയിപ്പ്
ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയില്‍, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000-ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു

ജനീവ: ഗാസ നേരിടുന്നത് അതിഗുരുതരമായ പട്ടിണി സാഹചര്യമാണെന്ന് യു.എന്‍. ഏജന്‍സിയുടെ മുന്നറിയിപ്പ്. 'ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യം' ആണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
പട്ടിണി വ്യാപിക്കുകയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യു.എന്‍. ഏജന്‍സിയുടെ ശക്തമായ മുന്നറിയിപ്പ് അറിയിച്ചിരിക്കുന്നത്.
'സംഘര്‍ഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ലഭ്യത അത്ഭുതപൂര്‍വമായ തലത്തിലേക്ക് താഴ്ന്നിരിക്കുന്നു' ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (IPC) മുന്നറിയിപ്പില്‍ പറഞ്ഞു. വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ പട്ടിണി മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയില്‍, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000-ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു. അവരില്‍ 3,000-ത്തിലധികം പേര്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്നും ഐപിസി പറഞ്ഞു.
What's Your Reaction?






