വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപതിന സമാധാന പദ്ധതിയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പദ്ധതി ഇസ്രയേൽ അംഗീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപനം.
ഹമാസ് നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.പഠിച്ച് പ്രതികരിക്കാമെന്നാണ് ഹമാസിന്റെ പ്രതികരണം. എന്നാല്‍ ഇതില്‍ പലസ്തീനെ സ്വതന്ത്രരാജ്യമാക്കാനുള്ള നിർദേശമില്ല. ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുമുള്ള ഇസ്രയേൽ പിന്മാറ്റം, ഹമാസിന്‍റെ കീഴടങ്ങൾ നിബന്ധനകൾ, പലസ്തീന്‍ മേഖലയുടെ ഭരണത്തില്‍ അരാഷ്ട്രീയ സമിതി രൂപീകരണം, ഗാസയിൽ മാനുഷിക സഹായം എത്തിക്കുക തുടങ്ങിയവ ഉൾപ്പെടുന്നതാണ് സമാധാന പദ്ധതി.
സമാധാന കരാര്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് പറഞ്ഞു. ഇരുവിഭാഗവും കരാര്‍ അംഗീകരിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കും. ട്രംപിന്റെ പദ്ധതിയെ പലസ്തീന്‍ അതോറിറ്റി, സൗദി അറേബ്യ, ജോര്‍ദാന്‍, യു എ ഇ, ഖത്തര്‍, ഈജിപ്റ്റ്, ഇറ്റലി, ഫ്രാന്‍സ്, യു കെ അടക്കമുള്ളവ സ്വാഗതം ചെയ്തു.