ടെല്‍ അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്.
ഈ രാജ്യങ്ങളുടെ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ ഒരിക്കലും സാധ്യമാകില്ലെന്നും കനത്ത മറുപടി നല്‍കുമെന്നുമാണ് നെതന്യാഹു പറയുന്നത്.
രാജ്യങ്ങളുടെ നടപടി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഇതിന് മറുപടി നല്‍കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. തീവ്രവാദ രാഷ്ട്രങ്ങൾക്ക് താൻ കടിഞ്ഞാണിട്ടു. അവർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും നെതന്യാഹു പറഞ്ഞു. ഒരു ഭീകരരാഷ്ട്രം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുഎസിന്റെ മുഖ്യസഖ്യകക്ഷികള്‍ക്കും മറുപടി നല്‍കുമെന്നും നെതന്യാഹു പറയുന്നു.