തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവം വിവാദമായതോടെ പ്രതികരണവുമായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപീഠം ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയതില്‍ ന്യായീകരണവുമായിട്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
കോട്ടയം സ്വദേശി വാസുദേവന്‍ പീഠം തന്നെ തിരികെ ഏല്‍പ്പിച്ചിരുന്നു എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. തന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിയാണ് പീഠം ഏല്‍പ്പിച്ചതെന്നും താന്‍ തന്നെയാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സ്പോൺസർ വ്യക്തമാക്കി. കാണാതായ സംഭവത്തിൽ താൻ എവിടെയും പരാതി നൽകിയിട്ടില്ല.താനും ഇക്കാര്യത്തെക്കുറിച്ച് മറന്നുപോയെന്നും വാസുദേവന്‍ പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി സ്വമേധയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനോ ദേവസ്വത്തിന്‍റെ പേര് ചീത്തയാക്കാൻ ഉദ്ദേശിച്ചിട്ടില്ല. 2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയത്.
എന്നാൽ അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് റിപ്പയര്‍ ചെയ്യാന്‍ ദേവസ്വം അധികൃതര്‍ തിരിച്ച് നല്‍കി. അത് കൊവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണപീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.