കൊച്ചി: വാൻ ഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ ആരുടേയും നിയന്ത്രണത്തിലല്ല. അതേസമയം കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുകയാണ് കപ്പൽ. കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
കപ്പലിന് ഇടത് വശത്തേക്കാണ് ചരിവുള്ളത്. കപ്പലിൽ നിന്നും കറുത്ത കട്ടിയുള്ള പുക ഉയരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാനായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുയാകാണ്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും.
അതേസമയം അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡറുകൾ, ടർപെന്‍റൈർ അടക്കം തീപിടിത്ത സാധ്യതയുള്ളവയാണ് ഈ വസ്തുക്കൾ.
കമ്പനി പുറത്തു വിട്ട വിവരമനുസരിച്ച് മാരക വിഷാംശമടങ്ങിയ കീടനാശിനികളാണ് കണ്ടെയ്നറുകളിലുള്ളത്. ബൈപറിഡിലിയം -1,83,200 ലിറ്റർ, ബെൻലോഫിനോൻ -15 ചണ്ഡ, നെട്രോ സെല്ലുലോസ് -11 ടൺ, റെസിൻ-17 ടൺ. സിങ്ക് ഓക്സൈഡ് -20340. ട്രൈ ക്ലോറോ ബൻസീൻ-2,08,000, മീഥൈൽ ഫിനോൽ-28,826 തുടങ്ങിയിവയാണ് കണ്ടെയ്നറിലുള്ളത്. ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകൾ രക്ഷാ യാനങ്ങളുടെ പ്രൊപ്പല്ലറുകളിൽ ഇടിച്ചാൽ അപകട സാധ്യതയുണ്ട്. അതിനാൽ വളരെ കരുതലോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി. ഡക്കിൽത്തന്നെ നിരവധി പൊട്ടിത്തെറികൾ ഉണ്ടായതിനാൽ ഇനി കപ്പൽ വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ മങ്ങി.