തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന നടപടിക്ക് തുടക്കം. 2 ജില്ലകളിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളിൽ ഇത് തുടക്കം കുറിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം ഡി ഹർഷിത അട്ടല്ലൂരി.
ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. വിജയം കണ്ടാൽ ജനുവരി മുതൽ സംസ്ഥാനത്തെ 285 ഔട്ട്ലെറ്റുകളിലും നടപ്പിലാക്കും.
ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് ബെവ്കോ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുന്നത്.
പ്രത്യേക കൗണ്ടറുകളിലായിരിക്കും കുപ്പികൾ സ്വീകരിക്കുക. പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. അടുത്ത പത്തു ദിവസത്തിനകം ബെവ്കോ വെബ്സൈറ്റും ആപ്പും സജ്ജമാകുമെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.