കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ “സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025” ജനുവരിയിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, സംസ്കാരം — ഭാവിയെ രൂപപ്പെടുത്താൻ കൊച്ചി ഒരുങ്ങുന്നു
"സമ്മിറ്റ് ഓഫ് ഫ്യൂച്ചർ”യുടെ രണ്ടാം പതിപ്പ് ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
കൊച്ചി: നവ ആശയങ്ങളും വിനോദവും സംഗമിക്കുന്ന വേദിയായ “സമ്മിറ്റ് ഓഫ് ഫ്യൂച്ചർ”യുടെ രണ്ടാം പതിപ്പ് ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ നടക്കും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷൻസ് സുബി കുര്യൻ എന്നിവർ ചേർന്ന് രണ്ടാം പതിപ്പിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
ആദ്യ പതിപ്പിന്റെ വൻ വിജയത്തെ തുടർന്ന് സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, വെൽനസ്, ഫുഡ്, കൾച്ചർ ആൻഡ് ലിറ്ററേച്ചർ എന്നീ ഏഴ് ട്രാക്കുകളിലായി നാലുദിവസം നീളുന്ന ഉച്ചകോടിയാണ്. രണ്ടുലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 400-ൽ അധികം വിദഗ്ധരും മുപ്പതിലധികം കലാകാരന്മാരും 30-ൽ അധികം പാനൽ ചർച്ചകളും 50-ൽ അധികം വർക്‌ഷോപ്പുകളും മാസ്റ്റർക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
പൊതുജന പങ്കാളിത്തം
ഈ വർഷം സാധാരണക്കാർക്കും പങ്കാളികളാകാനുള്ള അവസരം ഒരുക്കുന്നതാണ് പ്രധാന പ്രത്യേകത. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങളും ആശയങ്ങളും ശേഖരിച്ച് മികച്ചവ വിദഗ്ധർക്കുമുമ്പിൽ അവതരിപ്പിക്കാൻ അവസരം നൽകും. ഇതിനായി പ്രത്യേക പൊതു ക്യാമ്പെയ്ൻ ഉച്ചകോടിക്ക് മുന്നോടിയായി ആരംഭിക്കും.
വിനോദവും നവത്വവും കൈകോർത്ത്
ആദ്യ പതിപ്പിലുണ്ടായിരുന്ന സെലിബ്രിറ്റി പ്രകടനങ്ങൾ, റോബോ വേഴ്സ്, സ്റ്റുഡന്റ്സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഡാൻസ് കൊച്ചി തുടങ്ങിയവ ഇത്തവണയും അരങ്ങേറും. കൂടാതെ ഓട്ടോ എക്സ്പോ, ഇ-സ്പോർട്സ് ഗെയിം വേഴ്സ്, ഹ്യൂമൻ ലൈബ്രറി, ഡ്രോൺ ഷോ എന്നിവയും ഈ പതിപ്പിന്റെ മുഖ്യ ആകർഷണങ്ങളാകും.
കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയും ഇ-സ്പോർട്സ് വേദിയും ഒരുക്കുന്ന ഈ സമ്മേളനത്തിന് മുന്നോടിയായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ഐഡിയ ഫെസ്റ്റ് , സ്പീക്ക് ഫോർ ഫ്യൂച്ചർ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു.
ഐഡിയ ഫെസ്റ്റ് 2025 കേരളത്തിലും ഗൾഫ് മേഖലകളിലുമുള്ള കോളേജ്, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹൈബ്രിഡ് ഇന്നൊവേഷൻ മത്സരമാണ്. നവംബർ 21, 22 തീയതികളിൽ ക്യാമ്പസിൽ മത്സരം നടക്കും.
‘ഭാവി എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രസംഗമത്സരം സ്പീക്ക് ഫോർ ഫ്യൂച്ചർ ജനുവരി 10-നാണ് അവസാനിക്കുന്നത്.
ഫ്യൂച്ചർ കേരള മിഷൻ — ഭാവിക്കായി പദ്ധതികൾ
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായ ഫ്യൂച്ചർ കേരള മിഷൻ, കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി രൂപം നൽകിയ ദീർഘവീക്ഷണ പദ്ധതിയാണ്. കുളവാഴ നിർമാർജനം ഉൾപ്പെടെ നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികൾ ഇതിനകം വിജയകരമായി മുന്നേറുകയാണ്.
ആദ്യ പതിപ്പിന്റെ നേട്ടങ്ങൾ
ഏഴ് ദിവസം നീണ്ടുനിന്ന ആദ്യ ഉച്ചകോടി കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്ത ഏഷ്യയിലെ ഏറ്റവും വലിയ വിദഗ്ധ സമ്മേളനമായിരുന്നു അത്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലും സ്ഥാനം നേടിയ ആദ്യ പതിപ്പിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. 317 പ്രഭാഷകരും 15-ലധികം ദേശീയ-അന്തർദേശീയ കലാകാരന്മാരും പങ്കാളികളായിരുന്നു.
പ്രമുഖരുടെ അഭിപ്രായം
“സമ്മിറ്റ് ഓഫ് ഫ്യൂച്ചർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന വേദിയാണ്. മത്സ്യബന്ധന സമൂഹം മുതൽ എഐ, റോബോട്ടിക്സ് വരെ ചർച്ചയാകും. ജീവിതത്തിൽ പ്രായോഗികമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ വേദി പ്രചോദനമാകും,” — ഹൈബി ഈഡൻ എം.പി. പറഞ്ഞു.
“ഇത് ഒരു ഇവന്റ് മാത്രമല്ല, വിജ്ഞാനവും വിനോദവും ചേർന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രയോജനകരമായ വേദിയാണ്. സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമൂഹം സൃഷ്ടിക്കാനാണ് ലക്ഷ്യം,” — ഡോ. ടോം ജോസഫ് വ്യക്തമാക്കി.
“ഫ്യൂച്ചർ കേരള മിഷൻ ഇന്ന് സംരംഭകത്വം, യുവജന പങ്കാളിത്തം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. രണ്ടാം സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരളത്തിന്റെ പുരോഗതിക്ക് ആഗോള വൈദഗ്ധ്യത്തെ ഒരുമിപ്പിക്കുന്ന വേദിയാകും,” — വേണു രാജാമണി അഭിപ്രായപ്പെട്ടു.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് കേരളത്തിന്റെ ഭാവി ദിശ നിശ്ചയിക്കുന്ന ആശയവേദിയായി മാറുമെന്നത് ഉറപ്പ്.
What's Your Reaction?