ശരീരഭാരം നിയന്ത്രിക്കാന്‍ മരുന്നുകള്‍ പരീക്ഷിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര കാഴ്ച വൈകല്യങ്ങള്‍
15 ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.

വര്‍ധിച്ച ശരീരഭാരം ആഗോളതലത്തില്‍ ഇപ്പോള്‍ വലിയൊരു ആരോഗ്യ സങ്കീര്‍ണതയായി ഉയര്‍ന്നു വന്നിരിക്കുയാണ്. വ്യായാമത്തിനും ഡയറ്റിനും പുറമെ, ശരീരഭാരം നിയന്ത്രിക്കുന്നതിന് ചിലര്‍ മരുന്നുകളും പരീക്ഷിക്കാറുണ്ട്. എന്നാല്‍, അത്തരം ചില മരുന്നുകള്‍ ഗുരുതര കാഴ്ച വൈകല്യങ്ങള്‍ ഉണ്ടാക്കാമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള മെഡിക്കല്‍ ജേണല്‍ ജാമയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.
അമിതവണ്ണം കുറയ്ക്കുന്നതിന് ഒട്ടേറെ പേര്‍ ഉപയോഗിക്കുന്ന ടിര്‍സെപാറ്റൈഡ്, സെമാഗ്ലൂട്ടൈഡ് എന്നിവയടങ്ങിയ മൗന്‍ജാരോ, വെഗോവി എന്നീ പ്രമുഖ മരുന്നുകള്‍ കഴിക്കുന്ന പ്രമേഹ രോഗികളില്‍ ഗുരുതര നേത്ര രോഗങ്ങള്‍ ഉണ്ടാനുള്ള അപകടസാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നു. 15 ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.
സെമാഗ്ലൂറ്റൈഡ്, ടിര്‍സെപറ്റൈഡ് തുടങ്ങിയ വീര്യമേറിയ ജിഎല്‍പി1 മരുന്നുകള്‍ കഴിച്ച രോഗികളെ പഴയ ഡിഎല്‍പി1 മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രമേഹ മരുന്നുകള്‍ കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ രക്തയോട്ടത്തിന്റെ അഭാവം മൂലം കാഴ്ച ശക്തി മുഴുവനായും നഷ്ടപ്പെടുന്ന അപൂര്‍വ നേത്രരോഗമായ നോണ്‍-ആര്‍ട്ടറിറ്റിക് ആന്റീരിയര്‍ ഇസ്‌കെമിക് ഒപ്റ്റിക് ന്യൂറോപ്പതി, മറ്റ് ഒപ്റ്റിക് നാഡി തകരാറുകള്‍ എന്നിവയുടെ കേസുകള്‍ ഉയര്‍ന്നതായി കണ്ടെത്തി.
എന്നാല്‍, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേത്രാരോഗ്യത്തില്‍ ഉണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ച് ഇനിയും കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. വിഷയത്തില്‍ ദീര്‍ഘകാല പഠനങ്ങള്‍ അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
What's Your Reaction?






