ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

പൂജിച്ച സ്വർണപ്പാളികൾ പിന്നീട് എന്തുചെയ്തു എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ജയറാം മൊഴി നൽകി

Jan 30, 2026 - 11:18
Jan 30, 2026 - 11:18
 0
ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ചെന്നൈയിലെത്തി നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി. കേസിൽ ആരോപണവിധേയനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, സ്വർണപ്പാളികളുമായി ബന്ധപ്പെട്ട് നടന്ന പൂജകൾ എന്നിവയെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും വിവരങ്ങൾ തേടിയത്.

പൂജിച്ച സ്വർണപ്പാളികൾ പിന്നീട് എന്തുചെയ്തു എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ജയറാം മൊഴി നൽകി. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. മകരവിളക്ക് സമയത്തായിരുന്നു ഈ പരിചയം. ഇതിനുശേഷം പോറ്റി പലതവണ ചെന്നൈയിലെ വസതിയിൽ വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

പോറ്റിയുടെ ക്ഷണപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിൽ നടന്ന പൂജയിൽ പങ്കെടുത്തത്. സ്വർണപ്പാളികൾ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് അവിടെ പൂജ നടത്തിയത്. എന്നാൽ സ്പോൺസർമാരെയോ സ്മാർട്ട് ക്രിയേഷൻസ് ഉടമകളെയോ തനിക്ക് നേരിട്ട് പരിചയമില്ലെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്.

ജയറാം മുൻപ് നൽകിയ പ്രസ്താവനകളും ഇപ്പോഴത്തെ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്മാർട്ട് ക്രിയേഷൻസിലെ പൂജയും സ്വന്തം വീട്ടിലെ പൂജയും ഒരേ ദിവസമാണ് നടന്നതെന്നായിരുന്നു ജയറാം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സ്മാർട്ട് ക്രിയേഷൻസിലെ സ്വർണ കട്ടിളപ്പാളി പൂജ നടന്നത് 2019 ജൂണിലായിരുന്നു. ജയറാമിന്റെ വീട്ടിൽ ദ്വാരപാലക പാളികൾ വെച്ചുള്ള പൂജ നടന്നത് സെപ്റ്റംബറിലുമാണ്. വ്യത്യസ്ത മാസങ്ങളിൽ നടന്ന പൂജകൾ എന്തുകൊണ്ട് ഒരേ ദിവസം നടന്നുവെന്ന് താരം പറഞ്ഞു എന്നതിലാണ് എസ്‌ഐടി വ്യക്തത തേടുന്നത്.

ജയറാമിന്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഈ കേസിൽ തുടരന്വേഷണവും മറ്റ് മൊഴിയെടുപ്പുകളും നടത്താനാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും മറ്റും അന്വേഷണ പരിധിയിൽ വരും.

What's Your Reaction?

like

dislike

love

funny

angry

sad

wow