തിരുവനന്തപുരം: ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. കാലിക്കട്ട് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച എസ്എഫ്ഐയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
കേരളാ സർവകലാശാല രജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറി. തുടർന്ന് പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു.
കൂടുതൽ പോലീസ് സ്ഥലത്തേക്ക് എത്തി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാന്‍ തയാറായില്ല. സർവകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളിൽ മുങ്ങിയിരിക്കുകയാണ്. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.