ചെന്നൈ: ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ രജനീകാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നുവെന്നും രജനികാന്ത് പറഞ്ഞു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓർമകൾ താരം പങ്കുവച്ചു.
അതേസമയം ശ്രീനിവാസനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന വ്യക്തിയാണ് പ്രിയപ്പെട്ട ശ്രീനിയേട്ടയെന്നും പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമമെന്നും സുരേഷ് ഗോപി പറഞ്ഞു.
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ നടനും എംഎൽഎയുമായ മുകേഷ് വൈകാരികമായിട്ടാണ് പ്രതികരിച്ചത്. ''ഞാനും ശ്രീനിയും ഒരുപാട് സിനിമയിൽ അഭിനയിച്ചു. ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം. ഇതുവരെ സൗഹൃദത്തിൽ ഒരു നീരസവും ഉണ്ടായിട്ടില്ല. അദ്ദേഹത്തെ കുറിച്ച് പറയണമെന്ന ഒരു സാഹചര്യം വേണമെന്ന് എന്ന് ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെ ഒരു സാഹചര്യത്തിൽ ആയെന്നത് ദുഖകരം'' എന്നാണ് മുകേഷ് പറഞ്ഞത്.
മിനിഞ്ഞാന്നും ശ്രീനിവാസൻ വിളിച്ചു. ഇന്ന് രാവിലെ ഇത് കേൾക്കുമ്പോൾ ഇത് തീരാ നഷ്ടമാണ്. ഒരുപാട് ഓർമ്മകൾ തന്നിട്ട് വിട വാങ്ങിയെന്നും മുകേഷ് അനുശോചിച്ചു.