രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും
തെളിവെടുപ്പിനായി രാഹുലിനെ ഏഴ് ദിവസത്തേക്ക് വിട്ടുനൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി മാവേലിക്കര സബ് ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രാഹുലിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അപേക്ഷ കോടതി ഇന്ന് വിശദമായി പരിഗണിക്കും.
തെളിവെടുപ്പിനായി രാഹുലിനെ ഏഴ് ദിവസത്തേക്ക് വിട്ടുനൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കസ്റ്റഡി അനുവദിച്ചാൽ ബലാത്സംഗം നടന്നതായി പരാതിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. എന്നാൽ പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇതിൽ വാദം തുടരുകയുള്ളൂ. കസ്റ്റഡി അപേക്ഷയിൽ തീരുമാനമായ ശേഷമായിരിക്കും ജാമ്യ കാര്യത്തിൽ കോടതി വിധി പറയുക.
മാവേലിക്കര സബ് ജയിലിൽ 26/2026 എന്ന നമ്പറിലുള്ള തടവുകാരനാണ് രാഹുൽ. സുരക്ഷാ കാരണങ്ങളാൽ മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്ക്കാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. പ്രത്യേക പരിഗണനകളൊന്നും നൽകുന്നില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
രാവിലെ ജയിലിൽ നിന്ന് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം 11 മണിയോടെ രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാഹുലിനെ ഹാജരാക്കുന്നത് പരിഗണിച്ച് തിരുവല്ല കോടതി പരിസരത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി പരിസരത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
What's Your Reaction?