വന്യജീവി ആക്രമണം: ‘രണ്ട് വർഷം വേണമെന്നത് കൈമലർത്തൽ’; സർക്കാരിനെതിരെ പിണറായി
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ രണ്ട് വർഷമെടുക്കുമെന്ന വനംമന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ കൈമലർത്തുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമീപ ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിണറായി വിജയന്റെ വിമർശനം.
“വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ നിലപാട് മാറ്റുമ്പോൾ പ്രശ്നബാധിത മേഖലകളിലെ ജനങ്ങൾ പൂർണമായും അരക്ഷിതാവസ്ഥയിലാണ്. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്ര പദ്ധതികളാണ് നിലവിലെ സർക്കാർ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നത്. അതല്ലാതെ പുതിയതോ ഫലപ്രദമോ ആയ പരിഹാര മാർഗങ്ങൾ സർക്കാർ മുന്നോട്ടുവയ്ക്കുന്നില്ല,” അദ്ദേഹം ആരോപിച്ചു.
ശാസ്ത്രീയ സമീപനവും കൃത്യമായ ജാഗ്രതയും പുലർത്തിയതിലൂടെ വന്യജീവി-മനുഷ്യ സംഘർഷം വലിയ തോതിൽ കുറയ്ക്കാൻ മുൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിരുന്നുവെന്നും പിണറായി വിജയൻ അവകാശപ്പെട്ടു. അന്ന് മുഴുവൻ കുറ്റവും സംസ്ഥാന സർക്കാരിന്റെ മേൽ ചുമത്താൻ ശ്രമിച്ചവർ ഇപ്പോൾ പുതിയ പ്രതിവിധികളൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിലെ പ്രധാന തടസ്സം 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ പൂർണ അധികാരത്തിലുണ്ടായിരുന്ന വിഷയം പിന്നീട് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയതും അതേ കാലഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം പാർലമെന്റ് പാസാക്കിയ വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(A) വകുപ്പ് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് സംസ്ഥാനങ്ങൾക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. നിയമം കൊണ്ടുവന്ന കോൺഗ്രസും കാലാനുസൃത ഭേദഗതികൾ വരുത്താൻ തയ്യാറാകാത്ത ബിജെപിയും ഈ വിഷയത്തിൽ ഒരുപോലെ ഉത്തരവാദികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
What's Your Reaction?



