തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവം; ശരീര ഭാഗങ്ങൾ സുരക്ഷിതമെന്ന് പത്തോളജി വിഭാഗം

സംഭവത്തിൽ ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരന്‍ അജയകുമാറിനെ സസ്‌പെന്റ് ചെയ്തു

Mar 15, 2025 - 21:39
Mar 15, 2025 - 21:40
 0  18
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവം; ശരീര ഭാഗങ്ങൾ സുരക്ഷിതമെന്ന് പത്തോളജി വിഭാഗം
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി അറിയിച്ചു. ഫോർമാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
 
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ഇവ ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് ആക്രി വില്‍പനക്കാരൻ മൊഴി നല്‍കിയിട്ടുണ്ട്. മനപൂർവം നടത്തിയ മോഷണമല്ലെന്നും പോലിസ് പറഞ്ഞു. ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ മൊഴി നൽകിയത്. ശരീരഭാഗങ്ങൾ ആണെന്ന് മനസ്സിലായതോടെ പ്രിൻസിപ്പൽ ഓഫിസിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.
 
അതേസമയം സംഭവത്തിൽ ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരന്‍ അജയകുമാറിനെ സസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമായാണ് ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിൽനിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
 
ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിർണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്‌ടിച്ചത്. ഇന്നു രാവിലെ 10 മണിയോടെ പത്തോളജി ലാബിനു സമീപത്തെ സ്റ്റെയർകെയ്‌സിനു സമീപമാണ് ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ വച്ചിരുന്നത്. ഇതിനുശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകൾ മോഷണം പോയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow