കുറഞ്ഞ വിലയിൽ പുതിയ ബജാജ് ചേതക് സി25 വിപണിയിൽ; ഒറ്റ ചാർജിൽ 113 കി.മീ റേഞ്ച്
55 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന റിയർ വീൽ ഹബ് മോട്ടോറാണ് ഇതിനുള്ളത്
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ കരുത്തറിയിക്കാൻ പ്രമുഖ നിർമ്മാതാക്കളായ ബജാജ് ഓട്ടോയുടെ പുതിയ ചേതക് വേരിയന്റ് എത്തി. 'ചേതക് സി25' എന്ന് പേരിട്ടിരിക്കുന്ന ഈ സ്കൂട്ടർ എളുപ്പത്തിലുള്ള നഗരയാത്രകൾ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 91,399 രൂപയാണ് ഇതിന്റെ ബെംഗളൂരു എക്‌സ്-ഷോറൂം വില.
55 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന റിയർ വീൽ ഹബ് മോട്ടോറാണ് ഇതിനുള്ളത്. 2.2kW പവർ ഉത്പാദിപ്പിക്കുന്ന സ്കൂട്ടർ ഇടുങ്ങിയ റോഡുകളിലും സുഗമമായി യാത്ര ചെയ്യാൻ സഹായിക്കുന്നു. 2.5 kWh NMC ബാറ്ററിയാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. 750W ഓഫ്-ബോർഡ് ചാർജർ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാം. വെറും 2 മണിക്കൂർ 25 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ലഭിക്കുമെന്നത് പ്രത്യേകതയാണ്.
ഒറ്റ ചാർജിൽ 113 കിലോമീറ്റർ റേഞ്ചാണ് ബജാജ് അവകാശപ്പെടുന്നത്.107 കിലോ ഭാരമുള്ള സ്കൂട്ടറിന് 763mm സീറ്റ് ഉയരമുണ്ട്. 25 ലിറ്റർ സ്റ്റോറേജ് (ബൂട്ട് സ്‌പേസ്), കളർ LCD സ്പീഡോമീറ്റർ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇരട്ട ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ എന്നിവ സുരക്ഷയും സുഖവും ഉറപ്പാക്കുന്നു. ആക്ടീവ് ബ്ലാക്ക്, ഓഷ്യൻ ടീൽ, റേസിംഗ് റെഡ് തുടങ്ങി ആകർഷകമായ ആറ് നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാണ്.
What's Your Reaction?

