നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്നത് അതിക്രൂരമായി; അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ഏപ്രിൽ നാലിന് നടന്ന കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി 25 ദിവസത്തോളം നാട്ടിൽ കഴിഞ്ഞത്
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതി സജിയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏപ്രിൽ നാലിന് നടന്ന കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി 25 ദിവസത്തോളം നാട്ടിൽ കഴിഞ്ഞത്. ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ സഹോദരൻ റെജി ഭക്ഷണം കഴിക്കുന്നതിനിടെ ടിവി ഓഫ് ചെയ്യുകയും ചോറടങ്ങിയ പ്ലേറ്റ് നിലത്തടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സജി ആക്രമണം നടത്തിയത്. മർദ്ദനമേറ്റ് അവശനായ റെജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സജി കൊലപ്പെടുത്തിയത്.
റെജിയെ ആക്രമിക്കുന്നത് തടയാൻ എത്തിയ അമ്മ മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിച്ചു. ബോധരഹിതയായി വീണ അമ്മയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയത്. രണ്ട് മൃതദേഹങ്ങളും രണ്ട് ദിവസത്തോളം വീട്ടിൽ തന്നെ സൂക്ഷിച്ചു. വിറകുപുരയിലെ ചെറിയ വിടവിൽ പച്ച നെറ്റും തുണിയും ഉപയോഗിച്ച് മൂടിവെച്ചു. മൂന്നാം ദിവസം അർദ്ധരാത്രിയോടെ ഏലം നട്ട ഭാഗത്ത് കുഴിയെടുത്ത് രണ്ട് മൃതദേഹങ്ങളും ഒന്നിച്ച് കുഴിച്ചുമൂടി. മൃതദേഹങ്ങൾ വേഗത്തിൽ അഴുകുന്നതിനായി കുഴിയിൽ കുമ്മായം വിതറിയതായും പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം പ്രതി നാട്ടിൽ സാധാരണക്കാരനായി വിഹരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. താൻ ഉടനെ വിവാഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞ് നാട്ടുകാരെ ക്ഷണിക്കുകയും ചെയ്തു. എട്ട് വർഷം മുൻപ് സജിയുടെ അച്ഛനെ കാണാതായ സംഭവത്തിൽ പോലീസിന് ഇപ്പോൾ ശക്തമായ സംശയമുണ്ട്. ഈ കേസ് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ലെന്നും സജിയിൽ നിന്ന് അച്ഛനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലവിൽ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് പോലീസ്.
What's Your Reaction?