കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്‌ക മരിച്ചു
ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയയ്ക്കിടെ കുടലിന് പരിക്ക് പറ്റിയതാണ് മരണത്തിലേക്ക് നയിച്ചത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്‌ക മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി വിലാസിനിയെ ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയയ്ക്കിടെ കുടലിന് പരിക്ക് പറ്റിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
താക്കോൽ ദ്വാര ശാസ്ത്രക്രിയയാണ് വിലാസിനിക്ക് നടത്തിയത്. ശാസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റെന്നും വീണ്ടും പത്താം തിയതി ഒരു ശസ്ത്രക്രിയ കൂടി നടത്തിയെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ കുടലിന് ചെറിയ പരിക്ക് പറ്റിയെന്നും തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞത്.
പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ വിലാസിനിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളാകുകയും ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
What's Your Reaction?






