ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത് ഇന്‍ഷുറന്‍സ് തുകയ്ക്കായി; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ
2012 ജൂലൈ 21-ന് രാത്രിയായിരുന്നു സാബിറയെയും (21) മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെയും ഷെരീഫ് കൊലപ്പെടുത്തിയത്
മലപ്പുറം: കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 12 വർഷത്തെ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെയാണ് ബെംഗളൂരുവിൽ വെച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 2012-ൽ നടന്ന നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയാണ് ഇയാൾ.
2012 ജൂലൈ 21-ന് രാത്രിയായിരുന്നു സാബിറയെയും (21) മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെയും ഷെരീഫ് കൊലപ്പെടുത്തിയത്. അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
പെരുന്നാൾ വസ്ത്രങ്ങൾ എടുത്തു മടങ്ങുന്നതിനിടെ സ്കൂട്ടറിന്റെ ടയർ പഞ്ചറായെന്നും തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീണെന്നുമാണ് ഷെരീഫ് നാട്ടുകാരെയും പൊലീസിനെയും വിശ്വസിപ്പിച്ചിരുന്നത്. മരിച്ച രണ്ട് വയസ്സുകാരിയുടെ മൃതദേഹവുമായി ഇയാൾ തന്നെയാണ് സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചത്.
ഭാര്യയുടെ പേരിൽ എടുത്ത 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കുക എന്നതായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഈ പണം ഉപയോഗിച്ച് പുതിയ വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഷെരീഫിന്റെ പദ്ധതിയെന്ന് പൊലീസ് കണ്ടെത്തി.
കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ 2015 ഏപ്രിൽ 22-ന് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു. ഇയാൾ ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യം നടന്ന് 76-ാം ദിവസം തന്നെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത്രയും കാലം പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു.
What's Your Reaction?