എൽ.ഡി.എഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി; 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കി
ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമാണ് ഈ കണക്കെടുപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
കണ്ണൂർ: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയതിന്റെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ 'പ്രോഗ്രസ് കാർഡ്' പുറത്തിറക്കി. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഭരണ നേട്ടങ്ങൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമാണ് ഈ കണക്കെടുപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി. കൂടാതെ നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി ഭൂമിയുടെ അവകാശം ഉറപ്പാക്കി. പിഎസ്‌സി വഴി ഇതുവരെ 3,13,202 നിയമനങ്ങൾ നടത്തി. ഇതിനുപുറമെ 2,66,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിന് സാധിച്ചു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുൻനിർത്തി 16 ലക്ഷത്തിലധികം പേർക്ക് വിവിധ പദ്ധതികളിലൂടെ സാമ്പത്തിക സഹായം എത്തിച്ചു.
ഭരണരംഗത്തെ നൂലാമാലകൾ ഒഴിവാക്കി സേവനങ്ങൾ ലളിതമാക്കി. വിവിധ വകുപ്പുകളിലായി കെട്ടിക്കിടന്ന 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും (97%) നിശ്ചിത സമയത്തിനുള്ളിൽ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായുള്ള നടപടികൾ ഫലം കണ്ടുതുടങ്ങി. ചെയ്ത കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നത് ജനാധിപത്യ സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?