ഡൽഹി: ഇന്ത്യ തദ്ദേശിയമായി നിർമിച്ച ഇന്‍റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്‍റെ (IADWS) ആദ്യ പറക്കൽ പരീക്ഷണം വിജയകരം. ഇന്നലെ ഉച്ചയോടെ ഒഡിഷ തീരത്ത് വെച്ചാണ് പരീക്ഷണം നടത്തിയത്. പ്രതിരോധ ഗവേഷണ, വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒക്കു കീഴിലാണ് തദ്ദേശീയമായ ബഹുതല വ്യോമ പ്രതിരോധ ഷീൽഡ് ഇന്ത്യ നിർമിച്ചത്.
പരീക്ഷണം വിജയിച്ച വിവരം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് തന്റെ എക്സ് പേജിലൂടെ അറിയിച്ചത്. രാജ്യത്തിന്‍റ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ ഈ സംവിധാനം സുപ്രധാന നാഴികക്കല്ലാണെന്ന് പരീക്ഷണ വിജയത്തിന് പിന്നാലെ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ തദ്ദേശീയ ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (QRSAM), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലുകൾ, ഒരു ഹൈ പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി-ലേയേർഡ് എയർ ഡിഫൻസ് സിസ്റ്റമാണ് ഐ.എ.ഡി.ഡബ്ല്യു.എസ്.