സംസ്ഥാനത്ത് ഉഷ്ണതരംഗം; പാമ്പുകടിയേറ്റാൽ 'കനിവ് 108' സേവനം പ്രയോജനപ്പെടുത്തണം
വേനൽ കടുത്തതോടെ പാമ്പുകടി ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് മന്ത്രിമാർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
വേനൽ കടുത്തതോടെ പാമ്പുകടി ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ 146 ആശുപത്രികളിൽ ആന്റി സ്നേക്ക് വെനം ലഭ്യമാണ്. ആന്റിവെനം ലഭ്യമായ ആശുപത്രികളിലേക്ക് രോഗിയെ കൃത്യസമയത്ത് എത്തിക്കാൻ 108 ആംബുലൻസ് സേവനം സഹായിക്കും.
ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ വഴി പ്രഥമശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാം. ആന്റിവെനം സ്റ്റോക്കുള്ള ആശുപത്രികൾ ഉറപ്പാക്കി മാത്രമേ അവിടേക്ക് രോഗിയെ എത്തിക്കൂ. പാമ്പുകടിയേറ്റാൽ സമയം കളയാതെ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ഇതിനായി 108 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കാൻ:
പാമ്പുകടിയേറ്റ വ്യക്തിയെ ശാന്തനാക്കുക. പരിഭ്രാന്തിയുണ്ടായാൽ രക്തത്തിലൂടെ വിഷം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്.
കടിയേറ്റ ഭാഗം അനക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗിയെ നടക്കാനോ ഓടാനോ അനുവദിക്കരുത്. സ്ട്രെച്ചറിലോ മറ്റോ കിടത്തി വേണം കൊണ്ടുപോകാൻ.
മുറിവ് അമിതമായി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.
What's Your Reaction?