മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങിയത് മുസ്​ലിം ലീഗിന്റെ കരുത്തനായ നേതാവ്

ഭൗതിക ശരീരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടിൽ നിന്നും കൊണ്ടുപോകും

Jan 6, 2026 - 17:20
Jan 6, 2026 - 17:20
 0
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങിയത് മുസ്​ലിം ലീഗിന്റെ കരുത്തനായ നേതാവ്

കൊച്ചി: മുസ്​ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മധ്യകേരളത്തിൽ മുസ്​ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. പൊതുദർശനം ഇന്ന് വൈകിട്ട് ആറിന് കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ വെച്ച് നടക്കും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കം ഉണ്ടാകും. 

ഭൗതിക ശരീരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടിൽ നിന്നും കൊണ്ടുപോകും. രണ്ട് തവണ കേരളാ മന്ത്രിസഭയിൽ അംഗമായിരുന്നു. 2001-2006 യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും, 2011-2016 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ചു. നാല് തവണ നിയമസഭാംഗമായി. 2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നും, 2011 ലും 2016 ലും കളമശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം സഭയിലെത്തിയത്.

എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം യൂത്ത് ലീഗ്, മുസ്​ലിം ലീഗ് ജില്ലാ അധ്യക്ഷൻ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം, ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ഭാരവാഹിയായും സജീവമായിരുന്നു. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയാണ്. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ, വി.ഇ. അബ്ബാസ് (ലണ്ടൻ), വി.ഇ. അനൂപ്. അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ സഹോദരനാണ്. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow