പശ്ചിമേഷ്യയിൽ അഞ്ചുദിവസത്തെ താത്കാലിക വെടിനിർത്തൽ; ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് ട്രംപ്
ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്നും ക്രിയാത്മകമായ ചർച്ചകൾ നടന്നതായും ട്രംപ് അറിയിച്ചു
വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് അഞ്ചുദിവസത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്നും ക്രിയാത്മകമായ ചർച്ചകൾ നടന്നതായും ട്രംപ് അറിയിച്ചു. നാലാഴ്ചയായി തുടരുന്ന സംഘർഷത്തിന് നേരിയ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.
എന്നാൽ ട്രംപിന്റേത് ഭയം മൂലമുള്ള പിന്മാറ്റമാണെന്നും പോരാട്ടം തുടരുമെന്നുമാണ് ഇറാൻ നേതൃത്വത്തിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇസ്രയേലിലെയും ഗൾഫിലെയും ജലശുദ്ധീകരണ ശാലകളും ഊർജ്ജ കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. ജലശുദ്ധീകരണ ശാലകളെ ലക്ഷ്യം വെക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ഗൾഫ് രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഖത്തറിലും ബഹ്റൈനിലും 100 ശതമാനവും യുഎഇയിൽ 80 ശതമാനവും സൗദിയിൽ 50 ശതമാനവും കുടിവെള്ളം ലഭിക്കുന്നത് ഈ പ്ലാന്റുകളിൽ നിന്നാണ്. വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് സൂയസ് കടലിടുക്ക് വഴി മേഖലയിലേക്ക് നീങ്ങിയിരുന്നു. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ മിസൈൽ അവശിഷ്ടം വീണ് അബുദാബിയിലെ അൽ ഷവാംഖിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു.
പരിക്ക് ഗുരുതരമല്ലെന്ന് യുഎഇ അറിയിച്ചു. സൗദിക്ക് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ഇതിന് മറുപടിയായി ഹിസ്ബുള്ള ഇസ്രയേലിൽ ആക്രമണം കടുപ്പിച്ചു.
മധ്യപൂർവേഷ്യയിലെ പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസി (IEA) മുന്നറിയിപ്പ് നൽകി. എണ്ണ വിപണിയിലെ ചാഞ്ചാട്ടം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഹോർമുസ് കടലിടുക്ക് തുറക്കാൻ 22 രാജ്യങ്ങൾ ഒന്നിക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ചെങ്കിലും അത് ഇതുവരെ പ്രായോഗികമായിട്ടില്ല.
What's Your Reaction?