ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ഹൃദ്രോഗസാധ്യത കുറയ്ക്കും
മൈദ പോലുള്ള ശുദ്ധീകരിച്ച മാവ് ഉപയോഗിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കൊപ്പം ഹൃദയാരോഗ്യത്തെയും കാലക്രമേണ തകിടം മറിക്കാം

ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും. ചില ഭക്ഷണങ്ങള്‍ക്ക് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സാധിക്കും. പഴങ്ങളിലും പച്ചക്കറികളിലും മുഴുവന്‍ ധാന്യങ്ങളിലും അടങ്ങിയ നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. മെഡിറ്ററേനിയന്‍ ഡയറ്റ് പോലെ സസ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഡയറ്റ് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
റെഡ് മീറ്റ്, ബട്ടര്‍, ചീസ്, പ്രോസസ് ചെയ്ത സ്നാക്സ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ സാച്ചുറേറ്റഡ് അല്ലെങ്കില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയതാണ്. ഇത് ചീത്ത കൊളസ്ട്രോള്‍ കൂട്ടുന്നതാണ്. പകരം ഡയറ്റില്‍ നട്സ്, വിത്തുകള്‍, അവോക്കാഡോ, ഒലീവ് ഓയില്‍ എന്നിവ ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് ലഭ്യമാകാന്‍ സഹായിക്കും. മൈദ പോലുള്ള ശുദ്ധീകരിച്ച മാവ് ഉപയോഗിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കൊപ്പം ഹൃദയാരോഗ്യത്തെയും കാലക്രമേണ തകിടം മറിക്കാം. എന്നാല്‍, ഓട്സ്, ബ്രൗണ്‍ റൈസ്, ക്വിനോവ, ഗോതമ്പ് പോലുള്ളതില്‍ നാരുകള്‍ ധാരളം അടങ്ങിയിട്ടുണ്ട്.
ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ദഹനത്തെയും മികച്ചതാക്കും. ഉപ്പും പഞ്ചസാരയുടെയും ഉപയോഗം പരിമിതമാക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനുള്ള സാധ്യത ഇരട്ടിയാക്കും. ഇലക്കറികള്‍, ബെറിപ്പഴങ്ങള്‍, മത്സ്യം, വെളുത്തുള്ളി, ഗ്രീന്‍ ടീ പോലുള്ളത് ഡയറ്റില്‍ ചേര്‍ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരവീക്കം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും.
What's Your Reaction?






