തൃശൂര്‍: അനിശ്ചിതത്വത്തിനു ഒടുവിൽ തൃശ്ശൂരിൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും. എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും.
പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെയാണ് തൃശൂരിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്.
എഐസിസി ഹൈക്കമാൻഡിന്റെയും കെ.സി. വേണുഗോപാലിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് നിജി ജസ്റ്റിന് നറുക്കുവീണതെന്നാണ് റിപ്പോർട്ടുകൾ. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡൻറ് തുടങ്ങിയ പദവികളിൽ നിജി ജസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്.