തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരാൾ കൂടി കീഴടങ്ങി. ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായ ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്.
അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. കഴിഞ്ഞ ദിവസം മറ്റു രണ്ടു പ്രതികൾ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്.
ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.
കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതികളുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികൾ തട്ടിപ്പ് രീതി ക്രൈംബ്രാഞ്ചിനോട് വിവരിച്ചു. മെഷീന്‍ ഉപയോഗിച്ചുള്ള ക്യൂ ആര്‍ കോഡില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്‍ വ്യക്തമാക്കിയത്.