പുകവലിക്കുന്ന പ്രമേഹരോഗികൾക്ക് ഹൃദയാഘാത സാധ്യത ഏറെ; അകാല മരണത്തിന് കാരണമാകുമെന്ന് പുതിയ പഠനം
പ്രമേഹമുള്ളവർ പുകവലി ശീലമാക്കുന്നത് ഹൃദയാഘാതത്തിനും കൈകാലുകൾ മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥയിലേക്കും നയിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പുകവലി ശീലം അതീവ അപകടകരമാണെന്നും ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്ന് 2026-ൽ 'ജേണൽ ഓഫ് ഡയബറ്റിസ്' പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
പ്രമേഹമുള്ളവർ പുകവലി ശീലമാക്കുന്നത് ഹൃദയാഘാതത്തിനും കൈകാലുകൾ മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥയിലേക്കും നയിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ പുകവലിക്കുന്നവരെ അപേക്ഷിച്ച്, ഈ ശീലം നേരത്തെ ഉപേക്ഷിച്ചവരിൽ മരണനിരക്കും ഹൃദ്രോഗ സാധ്യതയും ഗണ്യമായി കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ പ്രമേഹ ചികിത്സയ്ക്കിടെ രോഗികൾക്ക് പുകവലി നിർത്താനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്ന പതിവ് കുറവാണെന്ന് പഠനത്തിന്റെ ഭാഗമായ പ്രൊഫ. അനൂപ് മിശ്ര (ചെയർമാൻ, ഫോർട്ടിസ് സി-ഡിഒസി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡയബറ്റിസ്) പറയുന്നു. പുകവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് രോഗികളോട് വ്യക്തമായി സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിയല്ലാത്ത രോഗങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും വലിയ ഭീഷണി ടൈപ്പ് 2 പ്രമേഹമാണ്. 2022-ലെ കണക്കനുസരിച്ച് ലോകത്ത് 82.8 കോടി പ്രായപൂർത്തിയായവർ പ്രമേഹ ബാധിതരാണ്. 1990-ന് ശേഷം രോഗികളുടെ എണ്ണത്തിൽ 63 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവർ പുകവലി പൂർണ്ണമായും ഒഴിവാക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുസ്സ് വർദ്ധിപ്പിക്കാനും സാധിക്കും. പുകവലി നിർത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി പോലുള്ള വൈദ്യസഹായം തേടാവുന്നതാണ്.
What's Your Reaction?