പുതിയ എഞ്ചിനുമായി ബജാജ് പള്‍സര്‍ എൻഎസ്400ഇസഡ്; വിലയിൽ മാറ്റമില്ല
പഴയ മോഡലിനെ അപേക്ഷിച്ച് പവറിൽ 2.4bhp-യുടെയും ടോർക്കിൽ 1.8Nm-ന്റെയും കുറവുണ്ടായിട്ടുണ്ട്
ന്യൂഡൽഹി: പുതിയ എഞ്ചിൻ മാറ്റങ്ങളുമായി ബജാജ് പള്‍സര്‍ എൻഎസ്400ഇസഡ് (Pulsar NS400Z) വിപണിയിലിറങ്ങി. എഞ്ചിനിൽ മാറ്റം വരുത്തിയെങ്കിലും മോട്ടോർസൈക്കിളിന്റെ വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 1,93,900 രൂപയാണ് (എക്‌സ് ഷോറൂം, ഡൽഹി) ബൈക്കിന്റെ നിലവിലെ വില.
മുൻപുണ്ടായിരുന്ന 373സിസി എഞ്ചിന് പകരമായി ഇപ്പോൾ 349സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസറിന് കരുത്ത് പകരുന്നത്. 349സിസി എഞ്ചിൻ 9,000rpm-ൽ 40bhp പവറും 7,500rpm-ൽ 33.2Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
പഴയ മോഡലിനെ അപേക്ഷിച്ച് പവറിൽ 2.4bhp-യുടെയും ടോർക്കിൽ 1.8Nm-ന്റെയും കുറവുണ്ടായിട്ടുണ്ട്. ബജാജ് ഡോമിനാർ 400-ന് സമാനമായ എഞ്ചിനാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഈ മാറ്റത്തോടെ ബൈക്ക് ആദ്യമായി വിപണിയിലെത്തിയപ്പോൾ ഉണ്ടായിരുന്ന അതേ പവർ ഔട്ട്പുട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
എഞ്ചിൻ മാറ്റം മാറ്റിനിർത്തിയാൽ ബൈക്കിന്റെ മറ്റ് സവിശേഷതകളെല്ലാം പഴയതുപോലെ തന്നെ തുടരുന്നു. കരുത്തുറ്റ പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്കിന്റെ നിർമ്മാണം. മുൻവശത്ത് ഇൻവേർട്ടഡ് ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനും നൽകിയിരിക്കുന്നു.
സുരക്ഷയ്ക്കായി ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരിച്ചിട്ടുണ്ട്. മുൻവശത്ത് 320mm ഡിസ്ക് ബ്രേക്കും പിന്നിൽ 230mm ഡിസ്ക് ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. രണ്ട് വശങ്ങളിലും 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കിനുള്ളത്.
What's Your Reaction?