തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും നടപടി. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘം പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സുനിൽ കുമാറിൻറെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ശബരിമലയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ മഹസറില്‍ അന്നത്തെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍കുമാര്‍ ഒപ്പിട്ടതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.