തൃശൂർ: മുൻ എംഎൽഎയും ഇടതു നേതാവുമായ ബാബു എം.പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.
കുന്നംകുളത്ത് നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊരട്ടിക്കരയിൽ ജനിച്ച അദ്ദേഹം 1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം, കുന്നംകുളം എരിയ സെക്രട്ടറി, ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറിയും, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.