പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; 1157 മീറ്റർ നീളം, കിഫ്ബി വഴി 106 കോടി
ആരവങ്ങൾക്കും ഹർഷാരവങ്ങൾക്കുമിടയിൽ മുഖ്യമന്ത്രി നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ചതോടെ പെരുമ്പളം ദ്വീപ് ഇനി വികസനത്തിന്റെ പുതിയ പാതയിലേക്ക് കടക്കുകയാണ്
കൊച്ചി: പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പന്ത്രണ്ടായിരത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത പരിഹാരമായി.
ആരവങ്ങൾക്കും ഹർഷാരവങ്ങൾക്കുമിടയിൽ മുഖ്യമന്ത്രി നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ചതോടെ പെരുമ്പളം ദ്വീപ് ഇനി വികസനത്തിന്റെ പുതിയ പാതയിലേക്ക് കടക്കുകയാണ്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ പാലം കേരളത്തിൽ കായലിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ പാലമാണ്. കിഫ്ബി ഫണ്ടിൽ നിന്ന് 106 കോടി രൂപ ചിലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.
പാലത്തിന്റെ മധ്യഭാഗത്തായി മഴവിൽ നിറത്തിലുള്ള മൂന്ന് ബോ സ്ട്രിംഗ് ആർച്ചുകൾ നൽകിയിട്ടുണ്ട്. ഈ ഭാഗത്ത് പാലത്തിന് 12 മീറ്റർ വീതിയാണുള്ളത്. പാലം തുറന്നതോടെ പെരുമ്പളം ദ്വീപിലേക്കുള്ള ആദ്യ കെഎസ്ആർടിസി ബസ് സർവീസും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 14 വാർഡുകളിലായി താമസിക്കുന്ന 12,000-ഓളം ജനങ്ങൾക്ക് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് എത്താൻ ഇനി വള്ളങ്ങളെയും ബോട്ടുകളെയും മാത്രം ആശ്രയിക്കേണ്ടി വരില്ല.
ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കൃഷി മന്ത്രി പി. പ്രസാദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. നാട മുറിച്ച ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് യാത്ര തിരിച്ചു.
What's Your Reaction?