മാധ്യമപ്രവർത്തകന്‍റെ കൊലപാതകം: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

2002 ഒക്ടോബറിലാണ് സിർസയിലെ 'പൂരാ സച്' പത്രത്തിന്റെ എഡിറ്ററായിരുന്ന രാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്

Mar 7, 2026 - 14:02
Mar 7, 2026 - 14:02
 0
മാധ്യമപ്രവർത്തകന്‍റെ കൊലപാതകം: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ചണ്ഡീഗഢ്: മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2019-ൽ സിബിഐ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് വിധി.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഗുർമീതിനെ മോചിപ്പിച്ചത്. എന്നാൽ കേസിലെ മറ്റ് മൂന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു.

2002 ഒക്ടോബറിലാണ് സിർസയിലെ 'പൂരാ സച്' പത്രത്തിന്റെ എഡിറ്ററായിരുന്ന രാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുർമീത് റാം റഹീം ആശ്രമത്തിൽ നടത്തിയിരുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഛത്രപതി തന്റെ പത്രത്തിലൂടെ പുറത്തുവിട്ടിരുന്നു. ഇത് കൊലപാതകത്തിന് കാരണമായെന്നാണ് സിബിഐ കണ്ടെത്തിയത്.

2019 ജനുവരിയിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുർമീത് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തുകയും എല്ലാവർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.
2002-ൽ പോലീസ് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും കേസിൽ തനിക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്നും ഗുർമീത് വാദിച്ചു. ഇത് ശരിവെച്ച കോടതി, ഗുർമീതിനെ കുറ്റവിമുക്തനാക്കിയപ്പോൾ കുൽദീപ്, നിർമൽ, കൃഷ്ണൻലാൽ എന്നീ പ്രതികളുടെ ശിക്ഷ നിലനിർത്തി.

മാധ്യമപ്രവർത്തകന്റെ കൊലപാതക കേസിൽ വിമുക്തനായെങ്കിലും ഗുർമീതിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. രണ്ട് അനുയായികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ ഗുർമീത് ഇപ്പോൾ അനുഭവിച്ചു വരികയാണ്. ശിക്ഷാ കാലയളവിനിടെ 15-ഓളം തവണ ഗുർമീത് പരോളിലിറങ്ങിയത് വലിയ വിവാദമായിരുന്നു. പഞ്ചാബ്, ഹരിയാന തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് ഇയാൾക്ക് പലപ്പോഴും ഇളവുകൾ ലഭിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow