ഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിനെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് ഈ നീക്കം. കൂടാതെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞു. ഇതിനായുള്ള ലൈസൻസ് റദ്ദാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ചട്ടങ്ങൾ ലംഘിച്ച് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമുള്ള നിയമലംഘനങ്ങളാണ് ഇ.ഡി പരിശോധിക്കുക.
മാത്രമല്ല കഴിഞ്ഞ ഫെബ്രുവരി ആറിന് വാങ്ചുക്ക് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതേക്കുറിച്ചും സിബിഐ അന്വേഷണം നടത്തും. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത സംഘടനകളെ സംബന്ധിച്ചും വിശദാംശങ്ങൾ പോലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ശേഖരിച്ചു.