സി.പി.എം മെമ്പർഷിപ്പ് പുതുക്കില്ല; പാർട്ടി നേതൃത്വത്തിനെതിരെ ജി. സുധാകരന്റെ തുറന്ന യുദ്ധം

നിയമസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്

Mar 4, 2026 - 15:28
Mar 4, 2026 - 15:28
 0
സി.പി.എം മെമ്പർഷിപ്പ് പുതുക്കില്ല; പാർട്ടി നേതൃത്വത്തിനെതിരെ ജി. സുധാകരന്റെ തുറന്ന യുദ്ധം

ആലപ്പുഴ: സി‌.പി‌.എം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി മുതിർന്ന നേതാവ് ജി. സുധാകരൻ രംഗത്തെത്തി. പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, തന്നെ അവഗണിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

നിയമസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്. എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാണ് സുധാകരന്റെ ആരോപണം.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് എത്തിയ ശേഷം ജില്ലാ സെക്രട്ടറി ഒരിക്കൽ പോലും തന്നെ വന്ന് കണ്ടില്ല. പൊതുപരിപാടികളിൽ നിന്ന് തന്നെ ബോധപൂർവ്വം ഒഴിവാക്കുന്നു. താൻ പരിഗണന അർഹിക്കുന്നില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയല്ല. വാർത്താ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി തന്നെ പരിഹസിച്ചു ചിരിച്ചപ്പോൾ ആരും തിരുത്താൻ തയ്യാറായില്ല.

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികാഘോഷ ചടങ്ങിൽ നിന്ന് തന്നെ മാറ്റിനിർത്തി. തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകാൻ നേതൃത്വം തയ്യാറായില്ല. പാർട്ടിക്കുള്ളിലെ പദവികൾ ഉപേക്ഷിച്ചാലും ആദർശങ്ങളിലും ആശയങ്ങളിലും ഉറച്ചുനിന്ന് ജനലക്ഷങ്ങൾക്കൊപ്പം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേതൃത്വത്തിനെതിരെയുള്ള തന്റെ കടന്നാക്രമണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ പങ്കുവെച്ചത്. എം.വി. ഗോവിന്ദന്റെ വിവാദ പരാമർശങ്ങൾ അടങ്ങിയ വീഡിയോയും ഇതിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴയിലെ സി‌പി‌എമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് ഈ നീക്കം വഴിയൊരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow