'അടുത്ത നേതാവിനെയും വധിക്കും'; ഇറാനെതിരെ കടുത്ത നിലപാടുമായി ഇസ്രായേൽ
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്
ജറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയതായി അധികാരമേൽക്കുന്ന നേതാവിനെയും വധിക്കുമെന്ന കടുത്ത ഭീഷണിയുമായി ഇസ്രായേൽ. പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാൻ ചർച്ചകൾ തുടരുന്നതിനിടെയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഈ മുന്നറിയിപ്പ് നൽകിയത്. ഇറാൻ്റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. അധികാരമേൽക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ തങ്ങൾക്ക് പ്രശ്നമല്ലെന്നും ഇറാന്റെ പുതിയ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായും ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുന്നതിനുള്ള സൈനിക നീക്കത്തിൻ്റെ ഭാഗമായാണ് ഈ നടപടി. അമേരിക്കയുമായി സഹകരിച്ച് ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
ഇറാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അവിടുത്തെ ജനങ്ങളെ സഹായിക്കുമെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ്റെ പുതിയ നേതാവായി മൊജ്താബ ഖമനേയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പുതിയ നേതൃത്വത്തെയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേൽ.
What's Your Reaction?