സി.ജെ. റോയിയുടെ മരണം: വെടിയുണ്ട ഹൃദയം തുളച്ചു കയറി, മരണം തൽക്ഷണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തോക്ക് നെഞ്ചോട് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്
ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ വെച്ച് സ്വയം വെടിവച്ചു മരിച്ച പ്രമുഖ മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ. റോയിയുടെ (57) പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വെടിയുണ്ട നെഞ്ചിൽ തുളച്ചു കയറിയതാണ് മരണകാരണമെന്ന് ബൗറിങ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
തോക്ക് നെഞ്ചോട് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട ഇടതു നെഞ്ചിലൂടെ തുളച്ചു കയറി ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പുറത്തു കടന്നു. ഇതോടെ മരണം സംഭവിക്കുകയായിരുന്നു.
ജോയിന്റ് കമ്മിഷണറും രണ്ട് എസ്.പിമാരും അടങ്ങുന്ന പ്രത്യേക സംഘം റോയിയുടെ മരണം അന്വേഷിക്കും. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആദായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബുവും ലീഗൽ അഡ്വൈസർ പ്രകാശും ആരോപിച്ചു.
കൊച്ചിയിൽ നിന്നുള്ള എട്ടംഗ ആദായ നികുതി സംഘമാണ് പരിശോധന നടത്തിയത്. ദുബായിലായിരുന്ന റോയി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് ബെംഗളൂരുവിൽ എത്തിയത്. മൊഴിയെടുക്കുന്നതിനിടെ മറ്റൊരു മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
What's Your Reaction?

