അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ വയോധികയെ വടി കൊണ്ട് അടിച്ച് ഓടിച്ചെന്ന് പരാതി; ജീവനക്കാരനെതിരെ പ്രതിഷേധം
അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ വടി കൊണ്ട് മർദിച്ചെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്.
ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഭിക്ഷാടനത്തിനായി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ വയോധിക ദമ്പതികളെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ആർ. വേണു വടി ഉപയോഗിച്ച് അടിക്കുകയും സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഓടിക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ വടി ഉപയോഗിച്ച് ഇവരെ ആട്ടിപ്പായിക്കുന്നതും കാണാം. മർദനമേറ്റ വയോധിക നിലവിൽ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
സ്ത്രീകൾക്കായി പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
What's Your Reaction?



