ശബരിമല സ്വർണക്കൊള്ള കേസ്; ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി തൂക്കമെടുത്തു
ശബരിമല: സ്വർണക്കൊള്ളക്കേസിൽ നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി നിർണയിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സന്നിധാനത്ത് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി ഭാരം അളന്നു. സംസ്ഥാന സർക്കാരിന്റെ അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു നടപടി.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മിഥുനമാസ പൂജയ്ക്കായി നട തുറന്ന ശേഷമാണ് എസ്.ഐ.ടി.യും അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. ശ്രീകോവിലിന്റെ കട്ടിളയുടെ മുകളിലെ ചിത്രപ്പണികളോടുകൂടിയ ഭാഗമായ പ്രഭാമണ്ഡലം മൂന്ന് ഭാഗങ്ങളായി അഴിച്ചെടുത്ത് ദേവസ്വം ഓഫീസിനോട് ചേർന്ന ഭാഗത്തേക്ക് മാറ്റിയാണ് തൂക്കമെടുത്തത്.
ശ്രീകോവിലിലേക്ക് ചവിട്ടിക്കയറുന്ന കട്ടിളപ്പാളിയുടെ ഭാഗവും തൂക്കമെടുത്തു. ഇതിനായി കട്ടിളയുടെ വശങ്ങളിലെ പാളികളും ഇളക്കേണ്ടിവന്നു. മുൻപ് രണ്ടുതവണയായി ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളികൾ, വശങ്ങളിലെ തൂണുകൾ എന്നിവയിൽ നിന്ന് എസ്.ഐ.ടി. സാമ്പിളുകൾ മുറിച്ചെടുത്തിരുന്നുവെങ്കിലും ഇത്തവണ സാമ്പിളുകൾ ശേഖരിച്ചില്ല.
1998-ൽ വ്യവസായി Vijay Mallya സ്വർണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. 2019-ലും 2025-ലും ഈ ഭാഗം ഇളക്കാതെ സ്വർണം പൂശിയിരുന്നു. ആ വർഷങ്ങളിൽ പൂശിയ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി കണ്ടെത്താൻ ഇപ്പോഴത്തെ ഭാരമളക്കൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
സ്വർണക്കൊള്ളക്കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് എസ്.ഐ.ടി. വീണ്ടും സന്നിധാനത്തെത്തിയത്. ഭാരം അളക്കാൻ കഴിഞ്ഞ ആഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. മുമ്പ് ശേഖരിച്ച സാമ്പിളുകൾ National Metallurgical Laboratoryയിൽ പരിശോധിച്ച റിപ്പോർട്ടും ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
എസ്.പി. എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, തിരുവാഭരണം കമ്മിഷണർ റജിലാൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു എന്നിവരും സോപാനത്ത് സന്നിഹിതരായിരുന്നു.
What's Your Reaction?



