ആർഎസ്എസ് ചിന്തയുള്ളവർ വിസിമാരാകാൻ യോഗ്യരല്ല; ശാഖകളിൽ പോയി ഗണഗീതം പാടട്ടെയെന്ന് കെ സി വേണുഗോപാൽ
തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണസഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ എംപി. ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത മൂന്ന് വിസിമാരും പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും, സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണത്തിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് പോകുന്നതാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച് ഗണവേഷം ധരിച്ച് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശേഷിക്കുന്ന കാലം ജീവിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
മോഹൻ ഭാഗവതിന് മുന്നിൽ നിൽക്കുന്നതല്ല സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യതയെന്നും, മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് കുഴലൂതുന്ന സംസ്കാരത്തെ കേരളം അനുവദിക്കില്ലെന്നും, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഈ നാട് പ്രതിജ്ഞാബദ്ധമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
What's Your Reaction?



