75 കോടി പാഴാക്കി പിണറായി; കെ റെയിൽ കുറ്റസമ്മതത്തിന് പിന്നാലെ ദുരിതക്കയത്തിൽ 11 ജില്ലകളിലെ കുടുംബങ്ങൾ; കേസുകളിൽ കുരുങ്ങി സമരക്കാർ!
തിരുവനന്തപുരം: പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സിൽവർലൈൻ (കെ റെയിൽ) പദ്ധതിക്കായി സംസ്ഥാന പൊതുഖജനാവിൽ നിന്ന് മുൻ സർക്കാർ പാഴാക്കി കളഞ്ഞത് 75 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാതിരുന്നിട്ടും കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ വിവിധ പഠനങ്ങൾക്കായി വീണ്ടും കോടികൾ പൊടിക്കുകയായിരുന്നു. ഒടുവിൽ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ വേണ്ടിവരുന്നതാണെന്നും പരിസ്ഥിതിലോല മേഖലകളിൽ വലിയ ആഘാതമുണ്ടാക്കുന്നതാണെന്നും ഭരണം അവസാനിക്കുന്നതിന് തൊട്ടുമുൻപ് പിണറായി സർക്കാരിന് തന്നെ സമ്മതിക്കേണ്ടി വന്നിരുന്നു. സിൽവർലൈനിനു പകരം റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച സാധ്യതാ റിപ്പോർട്ടിലായിരുന്നു മുൻ സർക്കാരിന്റെ ഈ കുറ്റസമ്മതം.
‘കെ റെയിൽ വരും കേട്ടോ’ എന്ന മുൻ മുഖ്യമന്ത്രിയുടെ വാക്കിന്റെ ബലത്തിലായിരുന്നു മുൻപ് സർക്കാരും പോലീസും സമരക്കാരെ ക്രൂരമായി നേരിട്ടിരുന്നത്. വീടിന്റെ മതിൽ തകർത്തും അടുപ്പുകല്ലിന് മുകളിൽ പോലും മഞ്ഞക്കുറ്റികൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നയമാണ് അന്ന് അധികൃതർ സ്വീകരിച്ചത്. ചങ്ങനാശേരിയിൽ റോസ്‌ലിൻ എന്ന സ്ത്രീയെ എട്ടുവയസ്സുകാരിയായ മകളുടെ മുന്നിലൂടെ പോലീസ് വലിച്ചിഴച്ചതും തിരുവനന്തപുരം മുരുക്കുംപുഴയിൽ പ്രതിഷേധിച്ചവരെ ബൂട്ടിട്ടു ചവിട്ടിയതുമുൾപ്പെടെയുള്ള ക്രൂരതകൾ കേരളം മറന്നിട്ടില്ല.
പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി 11 ജില്ലകളിലായി ആകെ 6,737 മഞ്ഞക്കുറ്റികളാണ് സ്ഥാപിച്ചിരുന്നത്.
വിവിധ ജില്ലകളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികളുടെ കണക്ക് ഇപ്രകാരമാണ്:
-
കാസർകോട്: 1651
-
കണ്ണൂർ: 1267
-
എറണാകുളം: 947
-
തിരുവനന്തപുരം: 803
-
കൊല്ലം: 721
-
കോട്ടയം: 439
-
കോഴിക്കോട്: 322
-
മലപ്പുറം: 311
-
ആലപ്പുഴ: 208
-
തൃശ്ശൂർ: 68
അവസാനിക്കാത്ത കേസ് പൂരം; ദുരിതത്തിൽ സമരക്കാർ
2019 ഡിസംബറിൽ റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതു മാത്രമാണ് കഴിഞ്ഞ 7 വർഷത്തിനിടെ കേന്ദ്രത്തിൽ നിന്ന് പദ്ധതിക്ക് ലഭിച്ച ഏക പച്ചക്കൊടി. പിന്നീട് പരിസ്ഥിതി വിഷയങ്ങളിൽ വ്യക്തത വരാതെ മുന്നോട്ട് പോകാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കുകയും വായ്പാനീക്കങ്ങൾ പാളുകയും ചെയ്തതോടെയാണ് പദ്ധതി പൂർണ്ണമായി അനിശ്ചിതത്വത്തിലായത്. തുടർന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മുൻ സർക്കാർ നിർബന്ധിതരായത്.
ജനങ്ങളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് 80 ലക്ഷം രൂപ ചെലവിട്ട സാമൂഹികാഘാത പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും അതിന്റെ പേരിൽ ജനങ്ങൾ അനുഭവിച്ച ദുരിതം അവസാനിച്ചിട്ടില്ല. സാമൂഹികാഘാത പഠനത്തിനായി നാട്ടിയ മഞ്ഞക്കുറ്റികൾ പറിച്ചതിന്റെ പേരിൽ ഇപ്പോഴും 11 ജില്ലകളിലായി അൻപതിലേറെ കേസുകളാണ് സമരസമിതി പ്രവർത്തകർക്കെതിരെ നിലനിൽക്കുന്നത്. ചെങ്ങന്നൂരിൽ സിന്ധു എന്ന സ്ത്രീക്ക് ഈ സമരത്തിന്റെ പേരിൽ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു. ബാക്കിയുള്ള പലർക്കെതിരെയുമുള്ള കേസുകൾ 2000 രൂപ വരെ പിഴയീടാക്കിയാണ് താല്ക്കാലികമായി അവസാനിപ്പിച്ചത്. ഈ കേസുകളെല്ലാം പുതിയ സർക്കാർ എന്നാണ് റദ്ദാക്കുക എന്ന കാത്തിരിപ്പിലാണ് സമരക്കാർ.
What's Your Reaction?



