ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി വ്യോമസേന മേധാവി മാർഷൽ അമർ പ്രീത് സിങ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് വ്യോമസേന മേധാവി വെളിപ്പെടുത്തി.
ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പാക് വ്യോമസേന വിമാനങ്ങൾ തകർക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി സ്ഥിരീകരിക്കുന്നത്.
പാക്കിസ്ഥാന്‍റെ വ്യോമസേനയ്ക്ക് അത് കടുത്ത പ്രഹരമായിരുന്നുവെന്നും അമർ പ്രീത് സിങ് പറഞ്ഞു. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് എ പി സിങ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തിൽ വ്യോമ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത എഇഡബ്ല്യു & സി/ഇലിന്റ് വിമാനവും ഇന്ത്യൻ സൈന്യം നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. യുദ്ധവിമാനങ്ങൾക്ക് പുറമെ ഇന്ത്യ വെടിവെച്ചിട്ട മറ്റൊരു വിമാനം 300 കിലോമീറ്ററുകൾക്കപ്പുറമാണ് ഉണ്ടായിരുന്നത്. മേയ് 7ന് ഇന്ത്യ നടത്തിയ ആക്രമണത്തിനു മുൻപും അതിനു ശേഷവുമുള്ള ഉപഗ്രഹ ചിത്രവും അദ്ദേഹം പുറത്തു വിട്ടു.