റഷ്യ - യുക്രൈൻ യുദ്ധത്തിൽ 10 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; സുപ്രീം കോടതിയിൽ കണക്കുകൾ സമർപ്പിച്ച് കേന്ദ്ര സർക്കാർ
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു
ന്യൂഡൽഹി: റഷ്യ - യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്തെത്തിയവരാണ് മരണപ്പെട്ടതെന്ന് കേന്ദ്രം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റഷ്യൻ സൈന്യത്തിൽ അകപ്പെട്ട തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഈ വിവരങ്ങൾ ഔദ്യോഗികമായി കോടതിയെ ബോധിപ്പിച്ചത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ടവരാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടക്കത്തിൽ സൈന്യത്തിൽ സഹായികളായി ചേർന്ന ഇവർ പിന്നീട് യുദ്ധമുന്നണിയിലേക്ക് മാറ്റപ്പെടുകയായിരുന്നു. യുദ്ധമേഖലയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള തീവ്രമായ നയതന്ത്ര ചർച്ചകൾ റഷ്യൻ അധികൃതരുമായി തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ - യുക്രൈൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതിനിടയിലാണ് മലയാളികളടക്കമുള്ള നിരവധി ഇന്ത്യൻ യുവാക്കൾ ചതിക്കുഴിയിൽപ്പെട്ട് റഷ്യൻ സൈന്യത്തിന്റെ ഭാഗമായത്.
What's Your Reaction?