പൂരത്തിന് വെടിക്കെട്ടില്ല; പാറമേക്കാവിന്റെ വെടിക്കോപ്പുകളും നിർവീര്യമാക്കുന്നു
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന് പിന്നാലെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന് തീരുമാനിച്ചതോടെ, പാറമേക്കാവ് ദേവസ്വത്തിനായി നിർമ്മിച്ച വെടിക്കോപ്പുകൾ നിർവീര്യമാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിച്ചിരുന്ന പാറമേക്കാവിന്റെ നിർമ്മാണശാലയിലെ സ്ഫോടകവസ്തുക്കളാണ് പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും മേൽനോട്ടത്തിൽ നിർവീര്യമാക്കുന്നത്. ഇവിടുള്ള അസംസ്കൃത വസ്തുക്കൾ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ലേലം ചെയ്തു നൽകാനാണ് പ്രാഥമിക നീക്കം.
തിരുവമ്പാടി ദേവസ്വത്തിന്റെ നിർമ്മാണശാലയിൽ നിന്ന് സ്ഫോടനത്തിന് ശേഷം കണ്ടെടുത്ത 300 കിലോഗ്രാമിലധികം വെടിമരുന്നും സമാനമായ രീതിയിൽ നിർവീര്യമാക്കും. ബോംബ് സ്ക്വാഡ്, ഫയർഫോഴ്സ്, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്നിവരുടെ സംയുക്ത മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുക. ജനവാസമില്ലാത്ത സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന സ്ഫോടകവസ്തുക്കൾ വെള്ളത്തിൽ മുക്കിവെച്ചോ സുരക്ഷിതമായി കത്തിച്ചുകളഞ്ഞോ ആണ് നശിപ്പിക്കുക.
What's Your Reaction?