ചഹലിന്റെ ഗാരിജിലേക്ക് പുതിയ 'ബിഎംഡബ്ല്യു Z4'
ആകർഷകമായ 'തണ്ടർ നൈറ്റ് മെറ്റാലിക്' ഷെയ്ഡിലുള്ള വാഹനമാണ് ചാഹൽ തെരഞ്ഞെടുത്തത്
പോർഷെ കെയ്‌ൻ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ ഉടമയായ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ഇപ്പോൾ ബിഎംഡബ്ല്യുവിന്റെ കരുത്തുറ്റ 2-സീറ്റർ കൺവെർട്ടബിൾ മോഡലായ Z4 M40i സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 1.06 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഓൺ-റോഡ് വില കണക്കാക്കുന്നത്.
ആകർഷകമായ 'തണ്ടർ നൈറ്റ് മെറ്റാലിക്' ഷെയ്ഡിലുള്ള വാഹനമാണ് ചാഹൽ തെരഞ്ഞെടുത്തത്. 3.0 ലിറ്റർ, ഇൻ-ലൈൻ സിക്സ്-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 340 hp പവറും 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ സ്പോർട്സ് കാറിന് സാധിക്കും.
8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്സ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. തന്റെ മാതാപിതാക്കൾക്കൊപ്പം പുതിയ കാർ ഡെലിവറി എടുക്കുന്ന ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. "എന്റെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കിയ രണ്ട് വ്യക്തികൾക്കൊപ്പം പുതിയ കാർ വീട്ടിലെത്തിച്ചു. എന്റെ മാതാപിതാക്കൾ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതാണ് യഥാർത്ഥ ആഡംബരം," എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ചാഹൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ബാധിച്ചതിനെത്തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനൽ നഷ്ടമായ ചാഹൽ, നിലവിൽ വിശ്രമത്തിലാണ്. ഐപിഎൽ 2026-ൽ പഞ്ചാബ് കിങ്‌സിന് വേണ്ടിയാണ് താരം കളിക്കാനിറങ്ങുന്നത്.
What's Your Reaction?

